World Sentinel അകലെയുള്ള കാഴ്ച്ചകള്‍ കാണാന്‍ വഴിയരികില്‍ Look Out കള്‍ കണ്ടിട്ടില്ലെ. അതു പോലൊരു Look Out ന്റെ അടുത്തു നിന്നും തുടങ്ങുന്നു എന്റെ കഥകള്‍.

Monday, July 31, 2006

വ്യാകുല മാതാവ് എങ്ങോട്ടാ പായുന്നേ?

ഈയ്യിടെ ഒരു പകല്‍ ഉറങ്ങുമ്പോള്‍ ഞാന്‍ ഒരു കോളേജ് സ്വപ്നം കണ്ടു. ഇതെന്റെ കോളേജ് കഥയാണു കേട്ടോ. ശരിക്കും നടന്ന കഥ. ഞാന്‍ റാന്നിയില്‍ കോളേജില്‍ പഠിക്കുന്ന കാലത്തേയ്ക്ക്. എനിക്കു എന്റേതായ ഒരു ചെറിയ ലോകം ഉണ്ടായിരുന്നു. അതില്‍ വളരെ കുറച്ചു മനുഷ്യരും, കുറച്ചു ശരിയും, കുറച്ചു തെറ്റും ഉള്ള ഒരു കുഞ്ഞു ലോകം. എന്റെ ചുറ്റും ഉള്ള വലിയ ലോകത്തെ ഞാന്‍ അറിയാനെ ശ്രമിച്ചില്ല. അല്ലെങ്കില്‍ എനിക്കു അതിനുള്ള മനസ്സില്ലായിരുന്നു. പേടിയാണോ എന്നു ചോദിച്ചാല്‍ അല്ല, പക്ഷെ ഒരു കോം‌പ്ളക്സ് , എല്ലാരും എന്തു വിചാരിക്കും എന്നുള്ള ഒരു വിഷമം. അതിനെ വേണമെങ്കില്‍ കോം‌പ്ളക്സ് എന്നു പറയാം. ശരിക്കും പറഞ്ഞാല്‍ ഞങ്ങളുടെ വീട്ടിലെ വളരെ പ്രത്യേക ചിട്ടകളായിരിക്കാം അതിനു വളം വച്ചത്. എന്തായാലും ഞാന്‍ അധികമാരോടും സംസാരിക്കുകയില്ലായിരുന്നു. കഥയിലേക്ക് വരട്ടെ , ഒരു ദിവസം ഇങ്ങനെ കോളേജ് കാന്‍റ്റീനിന്റെ മുന്നിലൂടെ പോകുമ്പോള്‍ ഒരു ചെറിയ അശരീരി, " വ്യാകുലമാതാവെങ്ങോട്ടാ പായുന്നേ!". അതു കേട്ടതും അവരെ ഒന്നു നോക്കുക പോലും ചെയ്യാതെ പന്തം കണ്ട പെരുച്ചാഴി പൊലെ ക്ളാസിലേക്ക് ഒരൊറ്റ ഓട്ടം. ഇപ്പോഴോര്‍ക്കുമ്പോള്‍ എനിക്കു നഷ്ടപ്പെട്ട അല്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെടുത്തിയ, എന്റെ നല്ല കോളേജ് സമയങ്ങള്‍ ഓര്‍‌ത്ത് വിഷമം തോന്നാറുണ്ട്.

Saturday, July 29, 2006

ഇതെന്റെ ലോകം

ഞാനൊരു എഴുത്ത്കാരിയൊന്നുമല്ല കേട്ടോ. ഇതെന്റെ മലയാളത്തൊടുള്ള പ്രണയത്തിനുള്ള ഒരു തെളിവ് എന്നു പറയാം. ഞാന്‍ പുറം ലോകത്തേയ്ക്ക് ഇതിലൂടൊന്ന് എത്തി നോക്കിക്കോട്ടെ. എന്റെ പ്രധാന വിനോദം സ്വപ്നം കാണുക എന്നുള്ളതാണ്. ആഴ്ചയില്‍ മൂന്നു നാലു ദിവസം ജോലി ചെയ്യണം, അതും രാത്രിയില്‍. അതു കഴിഞ്ഞു രണ്ടു മൂന്നു ദിവസം കിടന്നുറങ്ങും. സ്വപ്നം കാണന്‍ പറ്റിയ അവസരം അല്ലേ. നല്ല തണുപ്പുള്ള ഈ കാലാവസ്ഥയില്‍ കിടന്നുറങ്ങാന്‍ നല്ല രസമാണ്. നല്ല ഭക്ഷണം കഴിക്കുക, സ്വപ്നം കണ്ടുറങ്ങുക. ഇതെന്റെ ലോകം.